(moviemax.in) സിനിമ കോണ്‍ക്ലേവിനിടെ നടത്തിയ വിവാദ പരാമര്‍ശത്തിൽ പ്രതികരിച്ച് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ. പിന്നോക്കവിഭാഗക്കാർക്ക് സർക്കാർ ഗ്രാൻഡ് നൽകുന്നത് അവർക്ക് അവസരങ്ങൾ നൽകാനാണെന്നും, അതിനാൽ അവർക്ക് പരിശീലനം നൽകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയെക്കുറിച്ച് അറിവില്ലാത്തതാണ് പ്രശ്‌നമെന്നും, പരിശീലനം ലഭിച്ചാൽ ഈ രംഗത്ത് തുടരാനുള്ള ആത്മവിശ്വാസം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതായി സിനിമ ചെയ്യുന്നവർക്ക് ഒന്നരക്കോടി രൂപ എന്നത് വലിയ തുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താൻ ഇതുവരെ ഒന്നരക്കോടിക്ക് സിനിമ ചെയ്തിട്ടില്ലെന്നും, ഈ പണം സൂക്ഷിച്ച് ചെലവഴിക്കണമെന്നും അടൂർ പറഞ്ഞു. കൃത്യമായ ആസൂത്രണമില്ലാതെ സിനിമ ചെയ്യുമ്പോഴാണ് ചെലവ് കൂടുന്നത്. താൻ 30 ദിവസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒന്നരക്കോടി ഒരാൾക്ക് നൽകുന്നതിന് പകരം 50 ലക്ഷം വീതം മൂന്നുപേർക്ക് നൽകിയാൽ കൂടുതൽ ആളുകൾക്ക് അവസരം ലഭിക്കുമെന്നും അടൂർ അഭിപ്രായപ്പെട്ടു. ഒന്നരക്കോടി തികയുന്നില്ലെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മുൻപരിചയമില്ലാത്തവർക്കാണ് സഹായം നൽകുന്നത്, അതിനാൽ അവർക്ക് ഓറിയന്റേഷൻ നൽകണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും അടൂർ വ്യക്തമാക്കി. തിരക്കഥ മാത്രം നോക്കി സിനിമയെടുത്താൽ അത് പപ്പടം ആയിരിക്കുമെന്നും അദ്ദേഹം വിമർശിച്ചു. പിന്നാക്കവിഭാഗക്കാർക്ക് വേണ്ടിയാണ് താൻ സംസാരിച്ചതെന്നും, അവർ ഈ മേഖലയിൽ ഉയർന്നു വരണമെന്ന് ആഗ്രഹമുണ്ടെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. തൻ്റെ പ്രസംഗത്തിൽ ജാതിയെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും, മാധ്യമങ്ങൾ തെറ്റായ കാര്യങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്നും അടൂർ ആരോപിച്ചു. സിനിമയെടുക്കുന്നതിന് മുൻപ് അതിനെക്കുറിച്ച് പഠിക്കണമെന്നും, "ഓടുന്നതിന് മുൻപ് നടക്കാൻ പഠിക്കണം" എന്നും അടൂർ പറഞ്ഞു. "അക്ഷരം പഠിക്കാതെ കവിത എഴുതാൻ കഴിയുമോ?" എന്നും അദ്ദേഹം ചോദിച്ചു. നല്ല സിനിമകൾ ഉണ്ടാകണമെങ്കിൽ നല്ല പരിശീലനം ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മന്ത്രി താൻ പറഞ്ഞ കാര്യങ്ങളെ പ്രതിരോധിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും, അദ്ദേഹത്തിന് ഇക്കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു .
Adoor Gopalakrishnan responds to controversial remarks at the film conclave new